Latest News

Wednesday, March 11, 2015

വരുന്നു, തപാല്‍ വകുപ്പിന്റെ എ.ടി.എമ്മുകള്‍

കാലത്തിനനുസരിച്ച് തപാല്‍ വകുപ്പും മാറുകയാണ്. ഇനി പോസ്റ്റോഫീസുകളിലും എ.ടി.എം. സ്ഥാനം പിടിക്കും. ഇതോടെ, തപാല്‍ ഓഫീസുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് റൂപേ കാര്‍ഡ് ഉപയോഗിച്ച് എ.ടി.എം. സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അക്കൗണ്ട് ഉള്ളവര്‍ക്ക് പണം അടയ്ക്കാനും പിന്‍വലിക്കാനും 'റൂപേ ഡെബിറ്റ് കാര്‍ഡുകള്‍' ഉടന്‍ നല്‍കും. 'ഇന്ത്യ പോസ്റ്റ് പ്രോജക്റ്റ് 2012' പദ്ധതിയുടെ ഭാഗമായാണ് എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്തെ 1000 പോസ്റ്റോഫീസുകളില്‍ എ.ടി.എം. പ്രവര്‍ത്തിച്ച് തുടങ്ങും. കേരളത്തില്‍ 51 ഹെഡ് പോസ്റ്റോഫീസുകള്‍ ഉള്‍പ്പടെ 56 പോസ്റ്റോഫീസുകളും ഇതില്‍ ഉള്‍പ്പെടും. ഡല്‍ഹി, മുംബൈ അടക്കമുള്ള 11 വലിയ നഗരങ്ങളില്‍ മാത്രമാണ് തപാല്‍ എ.ടി.എം. നിലവിലുള്ളത്.

സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളില്‍ എ.ടി.എം. സ്ഥാപിക്കാനുള്ള സ്ഥാനം നിശ്ചയിച്ചുകഴിഞ്ഞു. പലയിടത്തും നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെ എ.ടി.എം. പ്രവര്‍ത്തിച്ചു തുടങ്ങണമെന്നാണ് തപാല്‍ വകുപ്പിന്റെ തീരുമാനം.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ രാജ്യത്തെ മറ്റ് ബാങ്കുകളുമായി തപാല്‍ ബാങ്കിങ് സംയോജിപ്പിക്കും. ഇതോടെ റൂപേ കാര്‍ഡ് ഉള്ളവര്‍ക്ക് രാജ്യത്തെ ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. കൂടാതെ മൊബൈല്‍ ബാങ്കിങ് ഉള്‍പ്പടെയുള്ള ആധുനിക സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം. മിക്കയിടത്തും ഒന്നിലധികം എ.ടി.എമ്മുകള്‍ സമീപഭാവിയില്‍ നിലവില്‍വരും.

ചുരുക്കത്തില്‍ പോസ്റ്റോഫീസില്‍ അക്കൗണ്ടുള്ളയാള്‍ ആ പോസ്റ്റോഫീസ് ഉപഭോക്താവ് മാത്രമല്ല. രാജ്യാന്തര തലത്തില്‍ പി.ഒ.എസ്.ബി. (പോസ്റ്റോഫീസ് സേവിങ്‌സ് ബാങ്ക്) ഉപഭോക്താവായി മാറുകയാണ്. 'എവിടെയും എപ്പോഴും ബാങ്കിങ്ങ് ' എന്ന സി.ബി.എസ്. (കോര്‍ ബാങ്കിങ്ങ് സൊലൂഷന്‍) ന്റെ മുദ്രാവാക്യത്തോട് തപാല്‍ വകുപ്പ് അടുക്കുകയാണെന്ന് സംസ്ഥാന സി.ബി.എസ്.സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ വി.കെ രവീന്ദ്രനാഥ് പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ഗ്രാമീണമേഖയില്‍ ബാങ്കിങ്ങ് വിപ്ലവത്തിനു തുടക്കം കുറിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു