സമസ്ത മേഖലകളിലും സ്വകാര്യവൽക്കരണമെന്ന അജണ്ടയുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാർ പോസ്റ്റൽ വകുപ്പിലും സമാനമായ വിറ്റ് തുലയ്ക്കൽ പ്രക്രിയകൾക്ക് മുതിരുകയാണ്.
ഒന്നര ലക്ഷത്തിലധികം വരുന്ന തപാൽ - ആർ എം എസ് ഓഫീസുകളിലായി നാലര ലക്ഷം ജീവനക്കാർ ജോലി ചെയ്തുവരുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനസേവന രംഗമാണ് ഇന്ത്യ പോസ്റ്റ്. എന്നാൽ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ട് തപാൽ സർവീസിനെ ആറ് യൂണിറ്റുകളായി തിരിക്കാനും അതിൽ ആദ്യത്തെ 5 യൂണിറ്റുകളെ കമ്പനികളായി രൂപമാറ്റം വരുത്തുന്നതിനുമാണ് കേന്ദ്രം നിലവിൽ പദ്ധതിയിടുന്നത്. വിവിധ സ്കീമുകളിൽ 40 കോടി അക്കൗണ്ടുകളിലായി 10 ലക്ഷം കോടി രൂപയുടെ മിച്ചനിക്ഷേപമുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ലാഭമുണ്ടാക്കാൻ കഴിയുന്ന പാഴ്സൽ, സ്പീഡ് പോസ്റ്റ് സംവിധാനം, സർക്കാർ സർക്കാരേതര സേവനങ്ങളുടെ വിതരണം എന്നിങ്ങനെ അഞ്ച് പ്രത്യേക കമ്പനികൾ രൂപപ്പെടുന്നതോടെ വരുമാനമുണ്ടാക്കാൻ കഴിയാത്ത, കത്തിടപാടുകൾ മാത്രം കൈകാര്യം ചെയ്യുന്ന യൂണിറ്റ് മാത്രമായി തപാൽ സർവീസ് ചുരുക്കപ്പെടും. ഇത്തരത്തിൽ സമ്പൂർണ്ണമായ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് 'ഡാക്മിത്ര' എന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുള്ളത്.
തപാൽ മേഖലയിലെ സ്വകാര്യവൽക്കരണ നടപടികളെ ജീവനക്കാർ ശക്തമായി എതിർത്തു വരികയാണ്. അവർക്ക് പൂർണമായ പിന്തുണ ഉറപ്പ് വരുത്തേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളുടെയും പൊതുസമൂഹത്തിന്റെയുമാകെ കടമയാണ്.
നമ്മുടെ രാജ്യത്തിന്റെ സമ്പത്തിനെയാകെ വിറ്റു തുലയ്ക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു മുന്നോട്ടു പോകാനാവണം.
രാജ്യവ്യാപകമായി ഇതിനെതിരായ സമര പരിപാടികൾ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായി NFPE - FNPO സംയുക്തമായി തിരുവനന്തപുരത്തു വച്ചു സംഘടിപ്പിച്ച 'തപാൽ സ്വകാര്യവൽക്കരണ വിരുദ്ധ സംസ്ഥാന കൺവെൻഷൻ' കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്തു.
NFPE ചെയർമാനും മുൻ എം പി യുമായ സ. പി. കരുണാകരൻ എക്സ് എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ശ്രീ ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.