സഖാകളെ,
എൻ. എഫ്. പി. ഇ, ആർ. എം. എസ് 'ടി വി' ഡിവിഷൻ R-3, R-4 യൂണിയനുകളുടെ സംയുക്ത ഡിവിഷണൽ സമ്മേളനത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.
കോവിഡ് 19 മഹാമാരി സൃഷ്‌ടിച്ച അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ തുടർന്ന് ഒരു വർഷകാലത്തെ ഇടവേളക്ക് ശേഷമാണ് ഡിവിഷണൽ സമ്മേളനം സംഘടിപ്പിക്കുന്നത്. പൊതുവിൽ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലും പ്രത്യേകിച്ച് നമ്മുടെ മേഖലയിലും ബാധിച്ച പ്രതിലോമതകളുടെയും നടുവിലാണ് നാം ഡിവിഷണൽ സമ്മേളനത്തിലേക്ക് കടക്കുന്നത്. സംഘടന എന്ന കുടകീഴിൽ അണിചേരുകയും സംഘടനപ്രതലത്തിൽ നിന്നു കൊണ്ട് അവകാശപോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
കോവിഡ് 19 സമ്മാനിച്ച ക്ലേഷകരമായ ജീവിതാവസ്ഥയെ നിശ്ചയദാർഢ്യത്തോടെ നാം മറികടക്കുമ്പോൾ പ്രതിരോധിക്കേണ്ടത് മറ്റു ചിലതിനെ കൂടിയാണ് - കോവിഡിനെ മറയാക്കി തൊഴിലാളിവിരുദ്ധ നയങ്ങൾ അടിച്ചേല്പിക്കുവാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ, ഇത്തരം നയങ്ങളുടെ നടത്തിപ്പുകാരായ അധികാരിവർഗം. അതിജീവിക്കുവാൻ സാധ്യമായ മുഴുവൻ ആയുധങ്ങളും മൂർച്ചക്കൂട്ടി സദാ സമരസന്നദ്ധരായിരിക്കേണ്ട സത്യാനന്തര കാലമാണിത്. വർഗസംഘടനകളോടൊത്ത് യോജിച്ച പ്രക്ഷോഭങ്ങളിലൂടെ മാത്രമേ അതിജീവനം സാധ്യമാകൂ എന്ന വസ്തുത നാം മനസിലാക്കുന്നു.
2021 മാർച്ച് 12 ന് രാവിലെ 11 മണിക്ക് സ. എം കൃഷ്ണൻ നഗർ, പി & റ്റി ഹൗസ് തിരുവനന്തപുരത്ത് ചേരുന്ന സംയുക്ത ഡിവിഷണൽ സമ്മേളനം ഒരുമയുടെയും ആശയങ്ങളുടെയും വിളനിലമായി അവകാശപോരാട്ടങൾക് ഊർജം പകരട്ടെ എന്ന് ആശംസിക്കുന്നു.
പങ്കെടുക്കുക...വിജയിപ്പിക്കുക..
വിപ്ലവാഭിവാദ്യങ്ങളോടെ
R3 R4
ഡിവിഷണൽ സെക്രെട്ടറിമാർ