പി കെ മുരളീധരന്‍
സംസ്ഥാന കണ്‍വീനർ, എന്‍ എഫ് പി ഇ
|
ഇതിനായി അനുവദിക്കപ്പെട്ട തുക കൈപ്പറ്റുന്നതില്‍ ഇവര്‍ പരസ്പരം മത്സരിക്കുകയുമാണ്. ഫലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനചെയ്ത പദ്ധതികള്‍ ഒന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കഴിയുന്നില്ല.
രാജ്യത്തെ തപാലാഫീസുകളില്‍ 75 ശതമാനം ഗ്രാമീണമേഖലയിലാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സേവനങ്ങള്‍ ഓരോ വീട്ടുപടിക്കലും എത്തിക്കുന്നതിന് തപാല്‍വകുപ്പിനെയാണ് തെരഞ്ഞെടുത്തത്. വേഗതയുള്ളതും ഇടതടവില്ലാത്തതുമായ നെറ്റ് വര്‍ക്കിങ‌്, അത്യന്താധുനിക ഉപകരണങ്ങള്‍, കുറ്റമറ്റ സോഫ്റ്റ‌്‌വെയറുകള്‍, മതിയായ പശ്ചാത്തലസൗകര്യം, ആവശ്യത്തിന് ജീവനക്കാര്‍ എന്നിവ ലഭ്യമല്ല എന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തപാല്‍മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനായി ടാസ്ക്ഫോഴ്സ് കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് നിലവിലുള്ള തപാല്‍മേഖലയെ ആറ് യൂണിറ്റായി തിരിക്കും. ഇതില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന അഞ്ച് യൂണിറ്റിനെ സ്വതന്ത്ര കമ്പനികളാക്കാനും ക്രമേണ സ്വകാര്യവല്‍ക്കരിക്കാനുമാണ് പദ്ധതി. തപാല്‍, ബാങ്കിങ‌്, ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ സേവനങ്ങളുടെ വിതരണം, സ്വകാര്യസംരംഭകരുടെ സേവനവിതരണം, പാഴ്സലുകളും പാക്കറ്റുകളും എന്നിവയാണ് ആദ്യത്തെ അഞ്ച് യൂണിറ്റ‌്. സാധാരണ കത്തുകള്‍ കൈകാര്യംചെയ്യുന്ന ആറാമത്തെ യൂണിറ്റ് കമ്പനിയാക്കാതെ തപാല്‍വകുപ്പിനു കീഴില്‍ നിലനിര്‍ത്തും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ലാഭകരമായ മേഖലകളെ കണ്ടെത്തി കോര്‍പറേറ്റുകള്‍ക്ക് കൈമാറാനാണ് തീരുമാനം.
കേന്ദ്ര ധനവകുപ്പിന്റെ ഏജന്‍സി എന്ന നിലയിലാണ് പോസ്റ്റ് ഓഫീസ് സേവിങ‌്സ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇക്കാലമത്രയും തപാല്‍വകുപ്പിന്‍റെ കുത്തകയായാണ് ലഘുസമ്പാദ്യപദ്ധതി നിലനിന്നത്. ഏഴുലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഈ മേഖലയിലേക്ക് സ്വകാര്യ സംരംഭകര്‍ കടന്നുവരുന്നതോടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും ഇല്ലാതാകും. തപാല്‍വകുപ്പിന്റെ ആകെ വരുമാനത്തില്‍ 60 ശതമാനത്തിലധികം ദേശീയ സമ്പാദ്യപദ്ധതി നടത്തിപ്പിലൂടെയാണ് ലഭിക്കുന്നത്. ഈ രംഗത്ത് ജോലിചെയ്യുന്ന ആയിരക്കണക്കിന് ഏജന്റുമാരും വഴിയാധാരമാകും.
ഇന്ത്യാ പോസ്റ്റ് പെയ്മെന്‍റെ ബാങ്ക് എന്ന പേരില്‍ പുതിയൊരു സ്ഥാപനം ആരംഭിച്ചിരിക്കുകയാണ്. തപാല്‍വകുപ്പിന്‍റെ സ്വന്തം എന്ന് അവകാശപ്പെടുമ്പോഴും പ്രത്യേക ഡയറക്ടര്‍ ബോര്‍ഡിന് കീഴില്‍ ലിമിറ്റഡ് കമ്പനിയായാണ് രജിസ്ട്രര്‍ ചെയ‌്തിരിക്കുന്നത്. തപാല്‍വകുപ്പിന്‍റെ കെട്ടിടങ്ങളും ജീവനക്കാരുടെ സേവനവും ഓണ്‍ലൈന്‍ സംവിധാനവും നിലവിലുള്ള അക്കൗണ്ടുകളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തനമാരംഭിച്ച പേയ്മെന്‍റെ ബാങ്ക് ദേശീയസമ്പാദ്യ പദ്ധതിയുടെ ഭാവിയെ അപകടത്തിലാക്കും.
നാലുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളിലായുള്ളത്. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിനെ പ്രത്യേക കmbനിയാക്കി കോര്‍പറേറ്റ് വല്‍കരിക്കുന്നതിലൂടെ വിശ്വാസ്യത തകരുമെന്നുമാത്രമല്ല വകുപ്പിന്‍റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന് അടയുകയും ചെയ്യും.
1898ലെ ഓഫീസ് ആക്ട‌് അനുസരിച്ച് കത്തുകളുടെ സംഭരണവും വിതരണവും തപാല്‍വകുപ്പില്‍മാത്രം നിക്ഷിപ്തമാണ്. എന്നാല്‍, ഔട്ട്സോഴ്സ്ഡ് പോസ്റ്റല്‍ ഏജന്‍സി എന്ന പേരില്‍ കത്തുകള്‍, രജിസ്റ്റേര്‍ഡ്, സ്പീഡ്പോസ്റ്റ്, പാഴ്സല്‍ ഉള്‍പ്പെടെ സംഭരിക്കാനും വിതരണംചെയ്യാനും സ്വകാര്യവ്യക്തികളെയും സ്ഥാപനങ്ങളെയും അനുവദിക്കുന്നതിനുള്ള ഉത്തരവ് വന്നുകഴിഞ്ഞു. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏജന്‍സികള്‍ക്ക് ഭാവിയില്‍ മറ്റെല്ലാ സേവനങ്ങളും അനുവദിക്കാനും സാധ്യതയുണ്ട്.
തപാല്‍വകുപ്പിന്‍റെ ജീവനാഡിയായാണ് റെയില്‍വേ മെയില്‍ സര്‍വീസ് (ആര്‍എംഎസ്) കണക്കാക്കപ്പെടുന്നത്. ദീര്‍ഘവീക്ഷണമില്ലാത്ത പരിഷ്കരണങ്ങളും ഇന്ത്യന്‍ റെയില്‍വേയുമായുള്ള ഏകോപനക്കുറവും ഈ രംഗത്ത് ഗുരുതര പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ചെറിയ സോര്‍ട്ടിങ‌് ഓഫീസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
ആകെ ജീവനക്കാരില്‍ പകുതിയിലധികം ഗ്രാമീണ ഡാക് സേവക് ജീവനക്കാരാണ്. എക്സ്ട്രാ ഡിപ്പാര്‍ട‌്മെന്റ് (ഇഡി) ജീവനക്കാര്‍ എന്ന പേരിലാണ് മുന്പ് ഇവര്‍ അറിയപ്പെട്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കപ്പെട്ട പല ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല. 2016 ജനുവരി ഒന്നുമുതല്‍ ഈ വിഭാഗം ജീവനക്കാരുടെ സേവന-വേതന പരിഷ്കരണം നടപ്പാക്കണമെന്ന് കമലേഷ്ചന്ദ്ര കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, രണ്ട് വര്‍ഷത്തിലധികമായിട്ടും തീരുമാനം എടുക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടരലക്ഷത്തില്‍ അധികം വരുന്ന ഈ വിഭാഗത്തെ അവഗണിച്ച് തപാല്‍വകുപ്പിന് മുന്നോട്ടുപോകാന്‍ ആകില്ല. ഇതരവിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങളോടും നിഷേധാത്മക നിലപാടാണ് അനുവര്‍ത്തിക്കുന്നത്.
തപാല്‍ സര്‍വീസിനെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനും ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എന്‍ എഫ് പി ഇ സ്വീകരിച്ചുവരുന്നത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി പ്രചാരണ പ്രക്ഷോഭ പരിപാടി നടന്നുവരികയാണ്. രാജ്യത്താകെയുള്ള അഞ്ച് ലക്ഷം തപാല്‍ ആര്‍എംഎസ് ജീവനക്കാരില്‍ 75 ശതമാനത്തില്‍ അധികം വരുന്നവര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (എന്‍ എഫ് പി ഇ) എന്ന സംഘടനയില്‍ അംഗത്വം എടുത്തവരാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന എണ്ണമറ്റ സമരങ്ങളുടെ പാരമ്പര്യം പേറുന്ന മഹത്തായ കമ്പിത്തപാല്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേരവകാശികളാണ് എന്‍ എഫ് പി ഇ.
എന്‍ എഫ് പി ഇ യുടെ 38 -ാം സംയുക്ത സംസ്ഥാന സമ്മേളനം മെയ് മൂന്നുമുതല്‍ അഞ്ചുവരെ മലപ്പുറം ജില്ലയിലെ തിരൂരില്‍ നടക്കുകയാണ്.