Latest News

Saturday, July 04, 2015

ജലം


ജലം, ബോധമായിരുന്നു.
സ്വച്ഛന്ദ ശയനങ്ങളത്രയും കളവു പോയപ്പോള്‍
നിശ്ചലാശയങ്ങളില്‍ കുരുങ്ങിക്കിടന്നപ്പോള്‍
ശിരസ്സിലൊരു തണുത്ത മുത്തം തന്നെന്നെ
വിളിച്ചുണര്‍ത്തി വിരല്‍ കോര്‍ത്തു നിര്‍ത്തി
ആഴമളവിനാവാത്ത അറബിക്കടലും
ദൂരമളവിനാവാത്ത ഗംഗാതടങ്ങളും
ശാസ്ത്രവും, ഗണിതവും, ഭാഷയും
എല്ലാമൊന്നുതന്നെയെന്നെന്നെ പഠിപ്പിച്ചു.

ജലം, കാമമായിരുന്നു.
സ്വയം പൊട്ടിത്തെറിക്കാനുറച്ച ദേഹം
പതിനാലാണ്ടിന്‍റെ സുഷുപ്തിയെ വേര്‍പെട്ട്‌
ജലമായി മാറുമെന്നറിഞ്ഞാദ്യനാള്‍ മുതല്‍
മഴമേഘങ്ങള്‍ മലമടക്കില്‍ കാലുടക്കി വീണാ -
വെണ്‍ മുറിവിലൂടെപ്പെയ്തൊഴുകിയ ജലധാര
എന്‍റെ സ്വപ്നങ്ങളില്‍ പൂവാടി നിര്‍മിച്ചു
പുളകസീല്‍ക്കാരങ്ങളാല്‍ പുഷ്പം വിരിയിച്ചു.

ജലം, മരണമായിരുന്നു.
വേട്ടയ്ക്കൊടുവിലത്തെത്തളര്‍ച്ചയില്‍ നമ്മളാ-
പട്ടിണിപ്പാളയിലിരന്നു വാങ്ങിയ നനവ്.
അതൊഴുകിയോരിടമെല്ലാം ഉണങ്ങിപ്പൊടിഞ്ഞു.
പിന്നെയും നാവു നീട്ടി, കൈ കോട്ടി നമ്മള്‍ കേണത്
ജലമെന്നായിരുന്നോ? അതോ മരണമെന്നോ?



*****