Latest News

Thursday, May 18, 2017

പുതുചരിത്രം സൃഷ്ടിച്ചവർ

16.05.2017ൽ നടന്ന CPMG ഓഫീസ് മാർച്ച്
സമര പഥങ്ങളിൽ അടി വെച്ച് നടന്ന് ചരിത്രം രചിക്കുകയെന്നത് ആവേശകരമാണ്. 16.05.2017ൽ നടന്ന CPMG ഓഫീസ് മാർച്ച് അക്ഷരാത്ഥത്തിൽ തന്നെ പ്രകമ്പനം കൊള്ളിക്കുന്നതായി. അധികാരിവർഗ്ഗത്തിന്റെ കണ്ണ് തുറപ്പിക്കാൻ പര്യാപ്തമായ മാർച്ച് കമ്പി തപാൽ തൊഴിലാളി പ്രസ്ഥാനത്തിന്റെ സമര ചരിത്രത്തിലെ മറ്റൊരു മുന്നേറ്റം കൂടിയായി. രാവിലെ 11.30 ആയപ്പോഴേക്കും സർക്കിൾ ഓഫീസ് പരിസരം NFPE പ്രവർത്തകരാൽ നിറഞ്ഞു കവിഞ്ഞു.രണ്ടായിരത്തിലധികം ജീവനക്കാർ ചെമ്പതാകകളുമായി ഒത്തുചേർന്നപ്പോൾ അവിടമാകെ ചെങ്കടലായി. ഇത് NFPEക്ക് മാത്രമേ സാധിക്കൂ എന്നാണ് ചില ഉദ്യോഗസ്ഥ പ്രമുഖരുടെ പ്രതികരണം. അധികാരി വർഗ്ഗത്തിന്റെ തിട്ടൂരങ്ങൾക്ക് മുൻപിൽ നട്ടെല്ല് വളക്കുന്നവരല്ല ആത്മാഭിമാനമുള്ള തൊഴിലാളിയെന്ന പ്രഖ്യാപനമാണ് മാർച്ചിൽ മുഴങ്ങിക്കേട്ടത്.
സ. എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ CPMG മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു 
സംഘടിത തൊഴിലാളി പ്രസ്ഥാനം നമുക്കൊപ്പമാണെന്ന പ്രഖ്യാപിക്കുന്നതായിരുന്നു സ. എം. വി. ഗോവിന്ദൻ മാസ്റ്ററുടെ ഉൽഘാടന പ്രസംഗവും സാന്നിദ്ധ്യവും. GDS ജീവനക്കാരടേയും കാഷ്യൽ ജീവനക്കാരുടേയും പ്രശ്നങ്ങളേയും യാതനകളേയും നെഞ്ചേറ്റി വാങ്ങുന്നവരാണ് കേരളത്തിലെ ജീവനക്കാരെന്നും കാഡർ വികാരം ഊതി വീർപ്പിച്ച് നമ്മെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപോവില്ലെന്നും തെളിയിക്കുന്നതായി CPMG മാർച്ച്. യുവ തലമുറയിൽപ്പെട്ടവർ പ്രക്ഷോഭരംഗത്ത് വരുന്നില്ലെന്ന വിമർശനത്തിനുള്ളവർക്കുള്ള വായടപ്പൻ മറുപടി കൂടിയായിരുന്നു പ്രതിഷേധ പരിപാടി. ഉറക്കെ മുദ്രാവാക്യം വിളിച്ച് ആവേശത്തോടെ മാർച്ചിൽ പങ്കെടുത്തവർ ഏറെയും ചെറുപ്പക്കാർ. തങ്ങളുടെ സാദ്ധ്യതകൾ മുഴുവൻ ഉപയോഗപ്പെടുത്താൽ ശ്രമിക്കാതെ ക്വാട്ടയനുസരിച്ച പങ്കാളിത്തം ഉറപ്പാക്കാത്ത ഏതാനും ഡിവിഷനുകൾ കടുത്ത വിമർശനത്തിന് വിധേയരാവുക തന്നെ ചെയ്യും. സംസ്ഥാന കമ്മിറ്റി ഇത് ഗൗരവമായ പരിശോധനക്ക് വിധേയമാക്കും. സ്വയം മുന്നണിയിൽ നിൽക്കുക മാത്രമല്ല തങ്ങൾക്കു പിന്നിലുള്ളവരെ മുന്നണി പോരാളികളാക്കുകയെന്നതും നേതൃത്വത്തിന്റെ കടമയാണ്.
മാര്‍ച്ചില്‍ നിന്ന് 

സഖാക്കളെ, പോരാട്ട വീര്യമുള്ള അണികളും പ്രവർത്തകരുമാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ കരുത്ത്. നാം ഉന്നയിക്കുന്ന ഡിമാന്റുകൾ ഇന്നലെ തന്നെ മെമ്മോറാണ്ടമായി സമർപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചില്ലെങ്കിൽ വരും നാളുകൾ സമര ദിനങ്ങളായിരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സർക്കിൾ ഓഫീസ് മാർച്ചിലെ വൻ പങ്കാളിത്തം നേതൃത്വത്തിന് കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകുന്നതാണ്. ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളായ മുഴുവൻ സഖാക്കളെയും സംസ്ഥന കമ്മിറ്റി ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. അന്തിമ വിജയം നമ്മുടേതാണ്.

A BlG RED SALUTE TO ALL

അഭിവാദനങ്ങളോടെ,
പി. കെ. മുരളീധരൻ
കൺവീനർ, NFPE
കേരള സർക്കിൾ